രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു.
ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്.
ഭാരവ്യതിയാനങ്ങൾ
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്‌കണ്‌ഠയും വിഷാദവും
മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ടു പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോൾ
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും.
കുടുംബപാരമ്പര്യം
അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.