ദാമ്പത്യബന്ധങ്ങളെ പലരും ഉപമിക്കുന്നത് വീടിനോടാണ്. ഒരു നല്ല വീടുണ്ടാക്കി അതില്‍ സന്തോഷത്തോടെ താമസിക്കാന്‍ കഴിയണമെങ്കില്‍ വീടിന് അടിത്തറ പണിയുന്നതു മുതല്‍ ശ്രദ്ധിക്കണം. നന്നായി പണിതെടുത്ത വീട് ശ്രദ്ധയോടെ പരിചരിക്കുകയും വേണം. ജീവിതത്തിൽ നിർബന്ധമായും വേണ്ട 6 കാര്യങ്ങൾ
യാഥാർത്ഥ്യ ബോധമുള്ള പ്രതീക്ഷകള്‍
രണ്ടു മനുഷ്യര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്നങ്ങളും സ്വാഭാവികമാണ് എന്ന തിരിച്ചറിവുതന്നെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും. ഒപ്പം പങ്കാളിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളും യാഥാർത്ഥ്യബോധത്തോടെ ആവണം. പങ്കാളിയില്‍ നല്ലതും ചീത്തയുമായി നിങ്ങള്‍ക്കു തോന്നുന്ന എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ അതു സഹായിക്കും.
പരസ്പരബഹുമാനം
സ്നേഹവും പരസ്പരവിശ്വാസവും ഒക്കെ ബന്ധങ്ങള്‍ക്ക് കരുത്തുപകരാന്‍ സഹായിക്കുമെങ്കിലും ബന്ധങ്ങളുടെ ആണിക്കല്ല് പരസ്പരബഹുമാനം ആണ്. വ്യത്യസ്തമായ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ അംഗീകരിക്കാന്‍ ഈ ബഹുമാനം സഹായിക്കും. ബന്ധങ്ങളില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നതിനും പരസ്പരബഹുമാനം ഇടയാക്കും.
തുറന്നുപറച്ചിലുകള്‍
ബന്ധങ്ങളിലെ പല പ്രശ്നങ്ങളും പലരും കൃത്യമായി തുറന്നു പറയാറില്ല. അതിങ്ങനെ കൂട്ടി വച്ച് മനസ്സ് പ്രഷര്‍ കുക്കര്‍ പോലെയാകുമ്പോള്‍ അറിയാതെ പൊട്ടിത്തെറിക്കും. ഈ പൊട്ടിത്തെറികളില്‍ പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞെന്നു വരാം. ഒപ്പം ദേഷ്യം കൊണ്ടും വിഷമം കൊണ്ടും നമ്മള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പോലും പറഞ്ഞു കാര്യങ്ങള്‍ വഷളാക്കിയെന്നും വരാം. ഇതിനൊന്നും ഇടവരുത്താതെ കാര്യങ്ങള്‍ കൃത്യസമയത്തു തുറന്നുപറയുന്നത് വൈകാരികവിക്ഷോഭങ്ങള്‍ ഒഴിവാക്കും.
പങ്കാളിക്ക് അവരുടേതായ ഇടം നല്‍കുക
സ്നേഹവും വിശ്വാസവും ഉള്ള ബന്ധങ്ങളില്‍ സ്വാതന്ത്ര്യവും ഉണ്ടാവും. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ നിലനിര്‍ത്താന്‍ ഉള്ള സ്വാതന്ത്ര്യം ഇരുവര്‍ക്കും വേണ്ടതാണ്. ഇതുമാത്രമല്ല തിരക്കേറിയ ജീവിതത്തില്‍ കുറച്ചു സമയം, സ്വന്തം താൽപര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ മാറ്റിവയ്ക്കുക. ആ സമയം, ഇഷ്ടമുള്ള പാട്ടു കേള്‍ക്കുകയോ സുഹൃത്തിനോടു സംവദിക്കുകയോ ഒക്കെയാവാം.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുക.
“പണ്ട് എങ്ങനെയിരുന്ന മനുഷ്യനാ? ഇപ്പൊ അതെല്ലാം മാറി”- പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി പലര്‍ക്കും ഇതാണ്. ജീവിതം മുന്നോട്ടു പോകുന്നതനുസരിച്ചു മനുഷ്യര്‍ മാറുന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. ജീവിതസാഹചര്യങ്ങള്‍ മാറുന്നതും ബന്ധങ്ങളെ ബാധിച്ചേക്കാം. ജോലിയിലെ പ്രശ്നങ്ങള്‍, വിദേശവാസം, രോഗങ്ങള്‍, പ്രിയപെട്ടവരുടെ മരണം, ഇവയെല്ലാം ചിലഉദാഹരണങ്ങളാണ്.
ക്ഷമിക്കാന്‍ തയ്യാറാകുക
തെറ്റുകള്‍ സംഭവിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ ആ തെറ്റുകള്‍ മറ്റൊരാള്‍ക്ക് സംഭവിക്കുമ്പോള്‍ ക്ഷമിക്കാന്‍ എത്ര പേര്‍ മനസ്സ് കാണിക്കും? ചില സാഹചര്യങ്ങളില്‍ ക്ഷമിക്കുക അത്ര എളുപ്പം ആവില്ല. നിര്‍ബന്ധിച്ചു മനസ്സിനെ പാകപ്പെടുത്തേണ്ടതായും ഇല്ല. എന്നാല്‍ ക്ഷമിക്കാനായി തയ്യാറാകുന്നതു പോലും ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കും.