ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 10 വരെ ഈ ജാഗ്രത തുടരും.(Heat wave in North India, Warning issued in Himachal Pradesh, Rajasthan and Gujarat)
സാധാരണ തണുപ്പുള്ള കാലാവസ്ഥ നിലനിൽക്കേണ്ട ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വെള്ളിയാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. ഇത് സാധാരണ നിലയേക്കാൾ 14 ഡിഗ്രിയോളം കൂടുതലാണ്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഹിമാചലിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലും രാജസ്ഥാനിലും ചൂട് ക്രമാതീതമായി ഉയരുന്നത് ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

