ആലപ്പുഴ : വി എസിനെ ഒരു നോക്ക് കാണാനായി ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കിലോമീറ്ററുകള്‍ ദൂരത്തില്‍ ജനങ്ങള്‍ വരിനില്‍ക്കുന്നു. ആളുകള്‍ തിരക്ക് കൂട്ടരുതെന്ന് അറിയിച്ചുകൊണ്ട് പൊലീസ് മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. എന്നാൽ, ആളുകളുടെ എണ്ണം കൂടുന്നതേയുള്ളൂ..(VS Achuthanandan's funeral)
അത്രയധികം ജനപ്രീതി നേടിയ നേതാവാണ് വി എസ് എന്നതിന് മറ്റെന്ത് തെളിവ് വേണം?
വേലിക്കകത്ത് വീട്ടിലെ പൊതുദർശനത്തിന് പിന്നാലെയാണ് വി എസിനെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്എത്തിച്ചത്. ഇവിടുത്തെ പൊതുദർശനത്തിന് ശേഷമാണ് ബീച്ച് റിക്രിയേഷൻ മൈതാനത്തേക്ക് കൊണ്ടുപോവുക. അവിടുത്തെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ വീടിനുള്ളിൽ 10 മിനിറ്റ് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നാലെ മുറ്റത്തെ പന്തലിലേക്ക് മാറ്റി.
ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഈയൊരു നോക്ക് കാണാനായി കണ്ഠമിടറി മുദ്രാവാക്യം മുഴക്കി ഒഴുകിയെത്തുന്നത്. അവരെ നിയന്ത്രിക്കാൻ പോലീസും റെഡ് വോളണ്ടിയർമാരും പാടുപെടുകയാണ്. ഈ അവസരത്തിൽ സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. തിരക്ക് കൂടിയതാണ് കാരണം. ഇവിടെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ വലിയ ചുടുകാട്ടിൽ സംസ്ക്കാരം നടക്കും. ആർക്കും ലഭിക്കാത്ത ഒരു യാത്രയയപ്പാണ് സാധാരണക്കാരുടെ ഭാഗത്ത് നിന്ന് വി എസിന് ലഭിക്കുന്നത്.