തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതുദർശനം പൂർത്തിയാക്കി അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം അദ്ദേഹത്തിൻ്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നു. 'കണ്ണേ.. കരളേ.. വി എസ്സേ..', 'മരിക്കുന്നില്ല..'എന്നിങ്ങനെ ഒരായിരം മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ് അദ്ദേഹം തിരുവനന്തപുരത്തിൻ്റെ മണ്ണ് വിടുന്നത്. ആയിരങ്ങളാണ് സെക്രട്ടറിയേറ്റിന് മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.(VS Achuthanandan passes away)
ആദരണീയനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നത് കെ എസ് ആർ ടി സിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിലാണ്. ഇതിൽ പൊതുജനങ്ങൾക്ക് കയറി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്.
ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണിത്. വി എസിൻ്റെ ചിത്രങ്ങളുള്ള, പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ബസാണിത്. ബസിൽ ജനറേറ്റർ, ഫ്രീസർ എന്നീ സൗകര്യങ്ങളുമുണ്ട്. ബസിൽ സാരഥികളായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി പി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ഉണ്ടാകും. പ്രധാന ബസിനെ അനുഗമിച്ച് മറ്റൊരു ബസും ഉണ്ട്. ഇതിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.