VS Achuthanandan : സഖാവേ വിട.. : പൊതുദർശനം അന്തിമ ഘട്ടത്തിലേക്ക്, ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഉടൻ

അവസാനഘട്ടത്തിൽ വി എസിനെ ഒരു നോക്ക് കാണാനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തി.
VS Achuthanandan : സഖാവേ വിട.. : പൊതുദർശനം അന്തിമ ഘട്ടത്തിലേക്ക്, ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഉടൻ
Published on

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഇത് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. അവസാനഘട്ടത്തിൽ വി എസിനെ ഒരു നോക്ക് കാണാനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തി. ഒരു മണിയോടെ തന്നെ കൻറോൺമെൻറ് ഗേറ്റ് വഴിയുള്ള ക്യൂ അവസാനിച്ചു. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഉടൻ ആരംഭിക്കും. (VS Achuthanandan passes away)

ആദരണീയനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നത് കെ എസ് ആർ ടി സിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിലാണ്. ഇതിൽ പൊതുജനങ്ങൾക്ക് കയറി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണിത്. വി എസിൻ്റെ ചിത്രങ്ങളുള്ള, പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ബസാണിത്. ബസിൽ ജനറേറ്റർ, ഫ്രീസർ എന്നീ സൗകര്യങ്ങളുമുണ്ട്. ബസിൽ സാരഥികളായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി പി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ഉണ്ടാകും. പ്രധാന ബസിനെ അനുഗമിച്ച് മറ്റൊരു ബസും ഉണ്ട്. ഇതിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാനായി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതാക്കളും ദർബാർ ഹാളിലുണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.

പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ ഇത് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹനങ്ങൾ അനുവദിക്കില്ല. 22 മുതൽ കേരളത്തിൽ 3 ദിവസത്തെ ദുഃഖാചരണം നടത്തും. ഇന്ന് കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതു മേഖലാ സ്ഥാപനങ്ങൾക്കുമടക്കം അവധി പ്രഖ്യാപിച്ചു. പി എസ് സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും.

Related Stories

No stories found.
Times Kerala
timeskerala.com