തിരുവനന്തപുരം : കേരളത്തിൻ്റെ വിപ്ലവ സൂര്യനെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും സെക്രട്ടറിയേറ്റ് ദർബാർ ഹാളിലേക്ക് എത്തിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാനായി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതാക്കളും ദർബാർ ഹാളിലുണ്ട്. (VS Achuthanandan passes away)
ഉച്ചയ്ക്ക് 2 മണി വരെ ഇവിടെ പൊതുദർശനം തുടരും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.
പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ ഇത് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹനങ്ങൾ അനുവദിക്കില്ല. 22 മുതൽ കേരളത്തിൽ 3 ദിവസത്തെ ദുഃഖാചരണം നടത്തും. ഇന്ന് കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതു മേഖലാ സ്ഥാപനങ്ങൾക്കുമടക്കം അവധി പ്രഖ്യാപിച്ചു. പി എസ് സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും.
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ. 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്.
2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.