ആയിരങ്ങളുടെ ചോര വീണ വിപ്ലവമണ്ണിൽ വി എസ് എത്തിയപ്പോൾ പിറന്ന മണ്ണ് ഒരു അമ്മയുടെ വാത്സല്യത്തോടെ അദ്ദേഹത്തെ ചേർത്ത് പിടിച്ചു. ആയിരങ്ങളാണ് അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തുന്നത്. (VS Achuthanandan mourning procession)
വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പുന്നപ്രയിലെ വീട്ടിലേക്ക് 10 മണിയോടെ ഭൗതിക ശരീരം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11.30-ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിക്കുമെന്നും 5 മണിയോടെ സംസ്ക്കാരം നടക്കുമെന്നുമാണ് വിവരം.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങി രാവിലെ 7.30ഓടെയാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മഴയെപ്പോലും അവഗണിച്ച് ജനം ഇവിടെ തിങ്ങിനിറഞ്ഞു നിൽക്കുകയാണ്.
ഒരുപക്ഷേ, ഇതുവരെയും മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഒരു യാത്രയയപ്പാണ് വി എസ് അച്യുതാനന്ദന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ നിന്നും ഇറങ്ങിയത് മുതൽ, കഴക്കൂട്ടം കഴിഞ്ഞ്, മംഗലപുരം കഴിഞ്ഞ്, കോരാണി കഴിഞ്ഞ്, ആറ്റിങ്ങലും ആലംകോടും കഴിഞ്ഞ് ഇപ്പോൾ കൊല്ലം കടക്കുന്നിടം വരെ ജനസാഗരം അലയടിക്കുകയായായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട സഖാവിനെ കാണാൻ.
രാത്രിയെന്നോ മഴയെന്നോ ഇല്ലാതെ, കുട്ടികളെന്നോ വയോധികരെന്നോ ഇല്ലാതെ ഓരോരുത്തരും ആ മുഖം ഒരു നോക്ക് കാണാൻ അവിടെ തിങ്ങി നിറഞ്ഞു. രാത്രി 10 മണിക്ക് ആലപ്പുഴയിൽ എത്തേണ്ടിയിരുന്ന വിലാപയാത്ര 16 മണിക്കൂർ കഴിഞ്ഞും കൊല്ലത്ത് പെട്ടുപോയി. ഭൗതിക ശരീരം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലും പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം നടത്തുകയും ചെയ്യും.