നിയമത്തിന്റെ കയ്യൊപ്പ്: വി.എസ് അച്യുതാനന്ദനും കേരളത്തിലെ പൈറസിവിരുദ്ധ പോരാട്ടവും | V. S. Achuthanandan

 V. S. Achuthanandan
Published on

2006 ൽ മുഖ്യമന്ത്രി പദം ഏറ്റെടുത്തപ്പോൾ തന്നെ അഴിമതിക്കെതിരെയും നിയമലംഘനത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് വി.എസ്. അച്യുതാനന്ദൻ ഭരണത്തിന് തുടക്കം കുറിച്ചത്. ഈ നിലപാടിന്റെ ഭാഗമായി അദ്ദേഹം മുഖ്യമായി ഇടപെട്ടതിലൊന്നാണ് സിനിമാ വ്യവസായത്തെ വേരോടെ ബാധിച്ചിരുന്ന മൂവി പൈറസിക്കെതിരായ ശക്തമായ നടപടികൾ.

നാളിതുവരെ മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയും വ്യാജന്മാർ തന്നെയായിരുന്നു. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജ VCD-കളും DVD-കളും കേരളത്തിലെ വിവിധ നഗരങ്ങളിൽ എത്തുന്ന അവസ്ഥയായിരുന്നു അന്ന്. നാളിതുവരെ ഹിറ്റായ പല സിനിമകളും വ്യാജന്മാരുടെ ഇരയായി. വ്യാജന്മാരെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ 2008-ൽ, വിഎസ് സർക്കാരിന്റെ നടപടികളുടെ ഭാഗമായി ക്രൈം ബ്രാഞ്ചിന്റെ കീഴിൽ ‘ആന്റി-പൈറസി സെൽ’ രൂപം കൊണ്ടു. ഐ.പി.എസ് ഉദ്യോഗസ്ഥരായ ടോമിൻ ജെ. തച്ചങ്കരിയും ഋഷി രാജ് സിംഗുമായിരുന്നു പൈറസി സെല്ലിന്റെ മുഖ്യദാരയിലുണ്ടായിരിന്ന ഉദ്യോഗസ്ഥർ. കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ വ്യാപകമായ റെയ്ഡുകൾ നടത്തി. വ്യാജന്മാരുടെ പിറകിൽ പ്രവർത്തിച്ച ശൃംഖലകളെ പിടികൂടാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചു.

പിൻവാങ്ങാതെ നിയമനടപടികളുമായി മുന്നോട്ടുപോയ സർക്കാരും, പബ്ലിക് സർവീസ് അനൗൺസ്മെന്റുകൾ, സ്കൂൾ കോളേജുകളിലെ ബോധവത്കരണ ക്ലാസുകളും, സിനിമാ താരങ്ങളുടെ മുഖ്യ പങ്കാളിത്തം ഉറപ്പുവരുത്തിയുമാണ് പൈറസിക്കെതിരെ പൊരുതിയത്. വെറുതെ നിയമം നടപ്പിലാക്കുക മാത്രമല്ല, സംസ്കാരവത്കരണ പ്രവർത്തനങ്ങൾക്കായി സർക്കാർ മുന്നോട്ട് വന്നത് കാഴ്ചപ്പാടുകൾ തന്നെ മാറ്റി. സംസ്ഥാന സർക്കാർ അംഗീകരിച്ച നിയമപ്രവർത്തനങ്ങൾ കാരണം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സെല്ലുകൾ രൂപം കൊള്ളുകയുണ്ടായി.

ഈ ഇടപെടൽ മൂലം വ്യാജ VCD വ്യവസായം കേരളത്തിൽ ഇടിഞ്ഞു തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി ആന്റി-പൈറസി സെല്ലിനെയും വിവാദങ്ങൾ മൂടി. ആന്റി പൈറസി സെല്ലിന്റെ നോഡൽ ഓഫീസറായിരുന്ന ഐ.ജി. ഋഷി രാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടോമിൻ ജെ. തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി കൊച്ചിയിൽ നടത്തിയിരുന്ന റിയാൻ ഡിജിറ്റൽ സ്റ്റുഡിയോയിൽ റൈഡ് നടത്തുകയും. തുടർന്ന്, ധാരാളം വ്യാജ സിഡികൾ സ്റ്റുഡിയോയിൽ നിന്നും പിടികൂടിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അന്നത്തെ ഡിജിപി രാമൻ ശ്രീവാസ്തവ, ഋഷി രാജ് സിംഗിനെ ആന്റി പൈറസി സെല്ലിൽ നിന്നും നീക്കം ചെയ്യുന്നു. എന്നാൽ ഈ നടപടി ശ്രദ്ധയിൽപ്പെട്ട വി എസ് ഉടനടി ഡിജിപിയെ വിമർശിച്ചു കൊണ്ട് ഋഷിരാജ് സിംഗിനെ ആന്റി പൈറസി സെല്ലിൽ തിരികെ നിയമിക്കുവാൻ ഉത്തരവിട്ടിരുന്നു.

സിനിമാ വ്യവസായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പാതിരാത്രിയും പ്രവർത്തിച്ച അപൂർവഘട്ടമായിരുന്നു ആന്റി പൈറസി സെല്ലിന്റെ പ്രവർത്തനങ്ങൾ.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിക്കുന്ന ഓരോ മനുഷ്യന്റെയും കഠിനാധ്വാനത്തെ ചേർത്തുപിടിച്ചു കൊണ്ടാണ് അന്ന് വി എസ് എന്ന നേതാവ് നിയമത്തിലൂടെ വ്യാജന്മാരെ പൂട്ടിയത്. സിനിമയെ വെറും വിനോദമല്ല, തൊഴിലായും അധിഷ്ഠിതമായ സാംസ്കാരികപ്രകടനമായും കണ്ടായിരുന്നു ആ നടപടി. പൈറസിയെ നിയമപരമായ ഒരു കുറ്റമായി മാത്രമല്ല, സാമൂഹിക നീതിക്കെതിരായ ഒരു അക്രമമായി കണ്ടാണ് അന്ന് ഓരോ നടപടിയും സ്വീകരിച്ചിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com