ന്യൂഡൽഹി: മുതിർന്ന സിപിഎം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പൊതുസേവനത്തിനും കേരളത്തിന്റെ വികസനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച നേതാവെന്ന നിലയിൽ അദ്ദേഹത്തെ അനുസ്മരിച്ചു.(PM Modi, Rahul Gandhi pay tribute to VS Achuthanandan)
ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉന്നത വ്യക്തിത്വവും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായ അച്യുതാനന്ദൻ 101-ാം വയസ്സിൽ അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിൽ നിന്നുള്ള ഔദ്യോഗിക ബുള്ളറ്റിൻ പ്രകാരം, തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് 3.20 ന് അദ്ദേഹം മരിച്ചു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വി എസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. "നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അക്ഷീണമായ ശബ്ദം" എന്ന് വി എസിനെ അദ്ദേഹം വിശേഷിപ്പിച്ചു.
വയനാട് എം പി പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.