"കേരളത്തിന്റെ ഫിഡല്‍ കാസ്ട്രോ"; പൊതുപരിപാടികളിൽ നിന്നും അകന്നപ്പോഴും, ജനഹൃദയത്തിൽ എപ്പോഴും ഉയർന്ന ശബ്ദം 'വിഎസ്' | VS Achuthanandan

കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന്റെ പോരാട്ട വീര്യം, കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുന്നതാണ്.
VS Achuthanandan
Published on

കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം എന്നാണ് വിഎസ് അച്യുതാനന്ദൻ അറിയപ്പെടുന്നത്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് (VS Achuthanandan). ഭരണത്തുടര്‍ച്ചയെ തുടര്‍ന്നുള്ള ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഇന്നും ഓര്‍ക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്ത് വന്നതുകൊണ്ടാവണം, ഒന്നിനോടും സമരസപ്പെടാൻ അദ്ദേഹം തയ്യാറായില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരള ജനതയുടെ മനസിലിടം നേടി.

വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് വിട്ടുകൊടുത്തില്ല, പിന്മാറിയതുമില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു.ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.

2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം വന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന്റെ പോരാട്ട വീര്യം, കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com