
കേരളം പിറവികൊള്ളും മുന്നേ കമ്യൂണിസത്തിൽ വേരുറച്ച നേതാവ്, അതായിരുന്നു വി എസ്. തെരുവ് പോരാട്ടങ്ങളിൽ നിന്ന് പോളിറ്റ്ബ്യുറോ വരെ നീണ്ടുപോയ ഒരു ഐതിഹാസിക യാത്രയായിരുന്നു വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയജീവിതം (V. S. Achuthanandan). കുപ്പായം തുന്നി തുടങ്ങി ജീവിതം വി എസിനെ കൊണ്ടെത്തിച്ചത് കമ്യൂണിസം എന്ന ആശയത്തെ വികാരമാക്കി തീർത്ത് ജനകിയൻ എന്ന തലക്കെട്ടിലേക്കാണ്. വാർദ്ധക്യം നരകളിലൂടെ കിഴടക്കാൻ ശ്രമിച്ചപ്പോഴും വിശ്വവും വിഖ്യാതനായ നായകന് എന്ത് റിട്ടയർമെന്റെ.
1923 ഒക്ടോബർ 20, അതൊരു തുലാവർഷമായിരുന്നു. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ ശങ്കരനും അക്കമ്മയുടെയും നാലു മക്കളിൽ രണ്ടാമനായി ജനനം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന പേര് കൂടെ കൂടിയെങ്കിലും രാഷ്ട്രീയ കേരളം ഉറക്കെ വിളിച്ചത് 'വി എസ് അച്യുതാനന്ദനെന്നും', 'വി എസ്' എന്നുമാണ്. എസ് എന്‍ ഡി പി യോഗത്തിന്റെ പ്രാദേശിക നേതാവായിരുന്നു പിതാവ്. ജാതി വെറി കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. സാമൂഹിക പ്രവർത്തകനായിരുന്ന പിതാവ് ജാതി വ്യവസ്ഥയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സ്കൂൾ പഠന കാലത്ത് വി എസിന് സവർണ്ണരുടെ മക്കളിൽ നിന്നും നേരിട്ട് ഭീഷണിയും മർദ്ദനവുമൊക്കെ ചെറുക്കാനും എതിർക്കാനും അച്ഛനാണ് പഠിപ്പിച്ചത്.
വി എസിന് നാലു വയസ്സുള്ളപ്പോൾ അമ്മ വസൂരി ബാധിച്ച് മരണപ്പെടുന്നു. പതിനൊന്നാം വയസ്സിൽ പിതാവും മരണപ്പെടുന്നു. അച്ഛന്റെ മരണത്തോടെ പഠനം ഏഴാം ക്ലാസ്സിൽ ഉപേക്ഷിക്കേണ്ടി വരുന്നു. വിദ്യാഭ്യാസം ആഗ്രഹം മാത്രമായി ശേഷിച്ചിരുന്നതിനാൽ, പുസ്തകങ്ങൾക്ക് പകരം ജീവിതം തന്നെ അദ്ദേഹത്തിന്റെ ഗുരുവായി മാറി. പാഠപുസ്തകങ്ങൾ കാട്ടികൊടുത്തതിനും അപ്പുറം ആ ബാലൻ ജീവിതത്തിന്റെ കയ്പ്പേറിയ പാഠങ്ങൾ സ്വയം ഗുണിച്ചും ഹരിച്ചും പഠിച്ചു. ഈ ജീവിത പാഠങ്ങൾ തന്നെയാണ് പാർട്ടിയിലേക്കും പോരാട്ടത്തിലേക്കും വി എസിനെ നയിച്ചത്.
പഠനം ഉപേക്ഷിച്ച് ശേഷം ചേട്ടന്‍ നടത്തിയിരുന്ന ജൗളിക്കടയില്‍ സഹായിയായി കൂടി. സാമൂഹിക വിഷയങ്ങളെ കുറിച്ച് ഏറെയും വി എസ് അറിയുന്നത് ചേട്ടനൊപ്പം തുന്നൽ കടയിലുണ്ടായിരുന്ന നാളുകളിലാണ്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലയിരുന്നു അത്, തുന്നൽ പണി വിട്ട് ആസ്പിൻവാൾ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നു. കയർ ഫാക്ടറിയിലെ തൊഴിലാളി സംഘടനയുടെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നു. യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായതോടെ വി എസ് ശ്രദ്ധേയനായി മാറി. രാഷ്ട്രീയത്തിൽ നന്നേ തല്പരനായിരുന്ന വി എസ് 1939 സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അംഗമായി. എന്നാൽ 1940-ല്‍, 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ വി എസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം സ്വീകരിക്കുന്നു. വി എസിലെ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് സഖാവ് പി. കൃഷ്ണപിള്ളയാണ്.
ചെത്തുതൊഴിലാളി യൂണിയന്റെ പ്രസിഡന്റായിരിക്കേ നടന്ന ഒരു സമരത്തെ തുടർന്ന് പോലീസ് വി എസിനെ അറസ്റ്റ് ചെയ്യുന്നു. മൂന്ന് മാസക്കാലമാണ് ജയിലിൽ കഴിയേണ്ടി വന്നത്. അതായിരുന്നു സഖാവിന്റെ ആദ്യത്തെ ജയിൽവാസം. 1943 ൽ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരുകൾ കർഷകരിലേക്ക് എത്തിക്കുവാനായി കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വി എസിനെ അയക്കുന്നു. കുട്ടനാട്ടിൽ പാർട്ടി ഘടകം രൂപികരിച്ചു, വി എസായിരുന്നു സെക്രട്ടറി.
1946 ഒക്ടോബറിലെ പുന്നപ്ര-വയലാർ സമരം, സമരമുഖത്ത് സമര സംഘാടകാനായി വി എസ് ഉണ്ടായിരുന്നു. സമരം കൊടുമ്പിരി കൊണ്ട സമയം, വി എസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നു. അതോടെ പൂഞ്ഞാറിലേക്ക് ഒളിവിൽ പോയി. എന്നാൽ ഒളിവിൽ കഴിയവേ പോലീസ് പിടികൂടുന്നു. അന്ന് ക്രൂര മർദ്ദനങ്ങൾക്കാണ് വി എസ് വിധേയനായത്. എത്ര തല്ലിയിട്ടും പാർട്ടി രഹസ്യങ്ങൾ യാതൊന്നും പറയാതെ വന്നതോടെ പീഡനങ്ങൾ പോലീസ് കടുപ്പിച്ചു കൊണ്ടേയിരുന്നു. അർദ്ധബോധാവസ്ഥയിലായിരുന്നു വി എസിന്റെ കാലിൽ അന്നത്തെ പാലാ എസ്‌ഐ ഇടിയൻ നാരായണ പിള്ള തോക്കിന്റെ ബയണറ്റ് കുത്തിയിറക്കുന്നു. അതോടെ പൂർണമായും ബോധം നഷ്ടപ്പെടുന്നു.
വി എസ് മരിച്ചു കാണും എന്ന് തെറ്റിദ്ധരിച്ച് പാലായിൽ നിന്നും ഇരാറ്റുപേട്ടയിലേക്ക് കൊണ്ട് പോകുന്നു. ശവശരീരം ഏതെങ്കിലും കുറ്റികാട്ടിൽ കളയുക എന്നതായിരുന്നു ലക്ഷ്യം. പോലീസ് സംഘത്തോടൊപ്പം സഹായിയായി ഒരു കള്ളനെയും കൂടെകൂട്ടിയിരുന്നു. പാതി വഴി എത്തും മുന്നേ വി എസ് ശ്വാസമെടുക്കുന്നത് കള്ളന്റെ ശ്രദ്ധയിൽപ്പെടുന്നു. ഇനി ഈ മനുഷ്യനെ ഉപേക്ഷിക്കാൻ ഞാൻ സമ്മതിക്കില്ല. കള്ളൻ കട്ടായം പറയുന്നു. അതോടെ പാലായിലെ ഒരു ആശുപത്രിയിൽ വി എസിനെ എത്തിക്കുന്നു. ഒമ്പത് മാസമാണ് മുറിവേറ്റ കാലുമായി ആ മനുഷ്യൻ നടന്നത്. പിൽകാലത്തും ഒട്ടനവധി തവണ ജയിലിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നു.
1956 ൽ പാർട്ടി സംസ്ഥാന സമിതി രൂപീകരിക്കുമ്പോൾ വി എസ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1959 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായും ചുമതലയേറ്റു. 1964 ൽ പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട ആശയ സമരങ്ങൾ കാരണം ദേശിയ കൗൺസിൽ യോഗത്തിൽ നിന്നും പടിയിറങ്ങി. പാർട്ടിയുടെ പിളർപ്പിന് പിന്നാലെ സി പി എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി എസ്. 1986 മുതൽ 2009 വരെ, 23 വർഷ കാലം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതല്‍ 2016 വരെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി എസ് വിജയിച്ചു കയറിയത്. എന്നാൽ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി എസ് ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 1996-ൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ശക്തമായിരുന്നു, പക്ഷേ മാരാരിക്കുളം മണ്ഡലത്തിലെ തോൽവിയോടെ ആ പ്രതീക്ഷ അസ്തമിച്ചു. അതേ സമയം, ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് 2006 ൽ അദ്ദേഹം ഒടുവിൽ മുഖ്യമന്ത്രിയാകുന്നത്. 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. വി.എസ്സിനെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ സ്വന്തം ചേരിയിലുള്ളവർ മുൻകൈയെടുത്തിരുന്നത് പകൽ പോലെ സത്യം.
പാർട്ടിയിലും പൊതുസമൂഹത്തിലും ഒരു പോലെ കയറ്റങ്ങളുടെയും ഇറക്കങ്ങളുടെയും ചരിത്രമാണ് വി.എസിന്റേത്. എന്താണോ തനിക്ക് ഉൾകൊള്ളാൻ കഴിയാത്തത് അത് തുറന്നു പറയുന്ന പ്രകൃതം. ഇനി അത് പാർട്ടി തിരുമാനങ്ങൾ ആണെങ്കിൽ പോലും ഉച്ചത്തിൽ മൂർച്ചയോടെ തന്നെ പറയും. ഇനി ശാസന വരുമ്പോൾ അതെല്ലാം ഏറ്റുവാങ്ങുകയും ചെയ്യും. 1996-97 കാലത്ത് മാങ്കൊമ്പില്‍ വി.എസിന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തില്‍ സമരമാണ് വി എസിന്റെ സമരചരിത്രത്തിലെ ഏറ്റവും പ്രധാന ഏട്. പാർട്ടിയിൽ വിഭാഗിയത കത്തി നിന്ന കാലം ഒരുപക്ഷത്ത് പിണറായി വിജയനും കൂട്ടരും മറുവശത്ത് വി എസും. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി. മലമ്പുഴ മണ്ഡലത്തിൽ നിന്ന് 2006-ലെ വിജയത്തോടെ അദ്ദേഹം മുഖ്യമന്ത്രിയായി. 2011 ൽ മലമ്പുഴയിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 87-ാം വയസ്സിലും ജനങ്ങൾ വീണ്ടും വി എസിനൊപ്പം നിന്നു.