
തൃശൂർ∙ പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണ് 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായിഉയർന്നു. ചികിത്സയിലായിരുന്നു പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്നു വൈകുന്നേരം മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു എറിൻ. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), തൃശൂർ കോർപറേഷനിലെ ക്ലാർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന (16) എന്നിവർ മുൻപ് മരിച്ചിരുന്നു.
ശനിയാഴ്ച പള്ളി തിരുനാളാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി പീച്ചിയിൽ തെക്കേക്കുളം പുളിയൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു ആൻ ഗ്രേസും അലീനയും എറിനും. ഉച്ച കഴിഞ്ഞ് ജലസംഭരണി കാണാൻ പോയ ഇവർ പാറയിൽ നിന്നു കാൽതെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. ഹിമയുടെ സഹോദരി നിമയും (12) അപകടത്തിൽപ്പെട്ടു. നിമയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.