
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിൽ വനിതാ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയായ സഞ്ജയ് റോയിയുടെ പോളിഗ്രാഫ് പരിശോധനയിലെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അറിയിച്ച് സി ബി ഐ.
സിവില്‍ വോളൻറിയര്‍ സഞ്ജയ് റോയ് പോളിഗ്രാഫ് പരിശോധനയ്ക്കിടയിൽ നല്‍കിയ മൊഴികളെക്കുറിച്ച് സി ബി ഐ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷുമായുള്ള പരിചയത്തോടനുബന്ധിച്ചുള്ള മൊഴിയിലാണ് വൈരുധ്യം.
സന്ദീപ് ഘോഷിനെ വ്യക്തിപരമായ പരിചയമില്ലെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ, ഏജൻസിക്ക് ലഭിച്ച വിവരം ഇവർ തമ്മിൽ നേരിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുള്ളതായാണ്.
സഞ്ജയ് റോയിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രതിക്ക് സ്വാധീനമുള്ള മറ്റു ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും സി ബി ഐ പരിശോധിക്കുന്നുണ്ട്.