
കോട്ടയം: പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം പൊളിയുന്നു രേഖകൾ പുറത്ത്. അനന്തുവും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളിൽ പറയുന്നു.
നേരത്തേ ബി.ജെ.പി സംസ്ഥാനസമിതി അംഗമായിട്ടുള്ള ഗീതാകുമാരിയാണ് പ്രമീളാദേവിക്കെതിരേ ആരോപണം ഉന്നയിച്ചത്. പ്രമീളാദേവിയുടെ ഉറപ്പിന്മേല്‍ പാതിവിലത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ള അനന്തുകൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് ഗീതാകുമാരി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പ്രമീളാദേവി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗുഡ്‌ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അനന്തുകൃഷ്ണനും പ്രമീളാദേവിയും ചേർന്ന് രൂപീകരിച്ചത്. 2019 ഡിസംബര്‍ 20-നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2021 മാര്‍ച്ച് 10 വരെ പ്രമീളാദേവി കമ്പനി ഡയറക്ടറായിരുന്നു. പ്രമീളാദേവി രാജിവെച്ചതിന് ശേഷം മകള്‍ ഡയറക്ടറായി. നാല് പേരാണ് കമ്പനിയുടെ ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്.