ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി
Published on

കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറൻ-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, ഡാറ്റ സെന്റർ എന്നിവയടങ്ങുന്നതാണ് കവചം.

അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും.

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ദുരന്തനിവാരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടർച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.

എല്ലാ സ്ഥലങ്ങളിലും സൈറൺ വഴി മുന്നറിയിപ്പ് ലഭിക്കുബോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും. സൈറണുകൾ വഴി തത്സമയം മുന്നറിയിപ്പുകൾ അനൗൺസ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറൺ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതെല്ലാം ആദ്യ ഘട്ട പ്രവർത്തനങ്ങളാണ്.

Related Stories

No stories found.
Times Kerala
timeskerala.com