
ന്യൂഡൽഹി: തീവണ്ടി യാത്രാ സേവനങ്ങൾക്കായി 'റെയിൽവൺ' ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രാലയം(RailOne). ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വിഭാഗമായ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ 40-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് 'റെയിൽവൺ' മൊബൈൽ ആപ്പ് പരിചയപ്പടുത്തിയത്.
ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ പുറപ്പെടുന്ന സമയം, പി.എൻ.ആർ അന്വേഷണങ്ങൾ, യാത്രാ ആസൂത്രണം, റെയിൽ മദദ് സേവനങ്ങൾ, ട്രെയിനുകളിലെ ഭക്ഷണം തുടങ്ങിയ ഏത് സേവനങ്ങൾക്കും ആപ്പ് ഉപയോഗിക്കാൻ കഴിയും. ആർ-വാലറ്റ് (റെയിൽവേ ഇ-വാലറ്റ്) സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.