

കാരക്കാസ്: ലബനിലെ പേജർ സ്ഫോടനങ്ങൾ ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന ഉത്സവ നാളുകളിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ. ക്രിസ്മസ് സമ്മാനമായി ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വീകരിക്കുന്നതിനെതിരെ പ്രസിഡന്‍റ് തന്റെ സർക്കാറിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 'ഇലക്‌ട്രോണിക് സമ്മാനങ്ങൾ സ്വീകരിക്കരുത്… ടെലഫോണുകളും സെൽഫോണുകളും സൂക്ഷിക്കുക. എല്ലാവരും ശ്രദ്ധിക്കണം' -ദേശീയ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിനിടെ പ്രസിഡന്‍റ് പറഞ്ഞു. ലെബനാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരകൗശല വസ്തുക്കളും പുസ്‌തകങ്ങളും പരമ്പരാഗത വെനിസ്വേലൻ ഉൽപന്നങ്ങളായ കോഫി, റം എന്നിവയും ക്രിസ്തുമസ് സമ്മാനങ്ങളായി നൽകാമെന്നും മദൂറോ നിർദേശിച്ചു. വെള്ളിയാഴ്ച കാരക്കാസിൽ നടന്ന യോഗത്തിലാണ് മദൂറോയുടെ നിർദേശം.