
വാഷിംഗ്ടൺ ഡിസി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി) യിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഞങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും യഥാർഥ നിയന്ത്രണരേഖയിൽ നിന്നും സൈനികരെ പിൻവലിക്കാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിർത്തിയിലെ സംഘർഷം കുറയുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.- മില്ലർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ യുഎസ് ഒരുതരത്തിലുമുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നും വക്താവ് അറിയിച്ചു.