
ന്യൂയോർക്ക്: റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പരസ്യമായി പ്രതിഷേധം അറിയിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ രംഗത്തെത്തി, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ ചേരുമെന്നും അറിയിച്ചു.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം സൗദിയിലെ സമാധാന ചർച്ചയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി പ്രതികരിച്ചത്.