ഒട്ടാവ: അമേരിക്കയുമായുള്ള ദീര്‍ഘകാല സാമ്പത്തിക, സുരക്ഷാ ബന്ധം അവസാനിച്ചുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയുടെ വ്യാപാര തീരുവകള്‍ക്കെതിരെ കൂടുതല്‍ കഠിനമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നമ്മുടെ തൊഴിലാളികളെയും രാജ്യത്തെയും സംരക്ഷിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്നും ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാനഡയ്ക്കുള്ള ഒരു പ്രതിവിധി, എണ്ണ, പൊട്ടാഷ്, മറ്റ് വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ എക്‌സൈസ് തീരുവ ചുമത്തുക എന്നതാണെന്നും കാർണി ചൂണ്ടിക്കാട്ടി
"യുഎസ് തീരുവകള്‍ക്കെതിരെ ഞങ്ങള്‍ വ്യാപാര നടപടികളിലൂടെ പ്രതികാരം ചെയ്യും. അത് അമേരിക്കയില്‍ പരമാവധി സ്വാധീനം ചെലുത്തും. അമേരിക്കയില്‍ നിന്നുള്ള നിരവധി നടപടികള്‍ താരതമ്യേന വരുമ്പോള്‍ അവയില്‍ ഓരോന്നിനും പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു ആഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയും, അപ്പോള്‍ നമ്മള്‍ പ്രതികരിക്കും." - കാര്‍ണി കൂട്ടിച്ചേര്‍ത്തു.
ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ലൈറ്റ് ട്രക്കുകള്‍ക്കും അടുത്ത ആഴ്ച മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനും കാനഡ സ്വന്തം ഓട്ടോമൊബൈല്‍ മേഖല കെട്ടിപ്പടുക്കണമെന്ന് കാര്‍ണി ആവര്‍ത്തിച്ചു. ട്രംപ് വീണ്ടും നമ്മെ ഭീഷണിപ്പെടുത്തുമ്പോള്‍, കാനഡയ്ക്ക് ഏറ്റവും മികച്ച കരാര്‍ ലഭിക്കുന്നതിനായി, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് ഞങ്ങള്‍ തിരിച്ചടിക്കും. അമേരിക്ക ഇനി വിശ്വസനീയമായ ഒരു പങ്കാളിയല്ല എന്നത് വ്യക്തമാണെന്നും സമഗ്രമായ ചര്‍ച്ചകളിലൂടെ ചിലപ്പോൾ വിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുമായിരിക്കാം, എന്നിരുന്നാലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.