
തെൽഅവീവ്: ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലക്കിടെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഹൈഫയിൽ റോക്കറ്റ് വർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിര്യത് ശമോനയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ലബനാനിൽ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു.