
ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരിച്ചത്. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.
പ്രഥമശുശ്രൂഷ നൽകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനു മുമ്പ് തന്നെ പെഹ്ലിവാൻ മരിച്ചിരുന്നു.
2007 മുതൽ ടർക്കിഷ് എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റിന് മാർച്ചിൽ നടത്തിയ വൈദ്യപരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു.