
കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റു. പ്രസിഡന്റിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂരിയ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും രാഷ്ടീയ നേതാക്കളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തിരിച്ചുപിടിക്കാനും ശ്രമിക്കുമെന്ന് ദിസനായകെ പറഞ്ഞു. ശ്രീലങ്കക്ക് ഒറ്റപ്പെട്ട് നിൽക്കാൻ കഴിയില്ല. അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് ദിസനായകെ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും മേഖലയുടെയും പുരോഗതിക്കുവേണ്ടി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാനൊരു മന്ത്രവാദിയോ മാന്ത്രികനോ അല്ല. ഈ രാജ്യത്ത് ജനിച്ച സാധാരണ പൗരനാണ്. എനിക്ക് കഴിവുകളും കഴിവില്ലായ്മകളുമുണ്ട്. അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളുമുണ്ട്. ആളുകളുടെ കഴിവുകളും അറിവും പ്രയോജനപ്പെടുത്തുകയും ഈ രാജ്യത്തെ നയിക്കാൻ മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക എന്നതാണ് എന്റെ ആദ്യ ദൗത്യം – ദിസനായകെ കൂട്ടിച്ചേർത്തു. 'എക്സ്'ൽ അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണക്ക് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.