This Content Is Only For Subscribers
ചുവന്ന നിറത്തിൽ പടർന്നുകിടക്കുന്ന അതിമനോഹരമായ ഒരു തടാകം. മലനിരകളാൽ ചുറ്റപ്പെട്ട് സിന്ദൂര ശോഭയോടെ നിൽക്കുന്ന ഈ ജലാശയം ആര് കണ്ടാലും ഒന്ന് നോക്കിനിന്നുപോകുന്ന ദൃശ്യവിസ്മയമാണ്. എന്നാൽ തടാകത്തിന്റെ ഈ മനോഹാരിത ദൂരെനിന്ന് ആസ്വദിക്കാൻ മാത്രമേ സാധിക്കൂ; അതിലേക്ക് ഒന്ന് ഇറങ്ങിയാൽ പിന്നെ നിങ്ങൾ ഒരു കല്ലായി മാറും! വെള്ളത്തിൽ ഇറങ്ങിയാൽ ജീവനുള്ളവ എങ്ങനെ കല്ലായിത്തീരും എന്നത് ഇന്നും അത്ഭുതപ്പെടുത്തുന്ന വലിയൊരു ചോദ്യമാണ്. ഭൂമിയിൽ കോടിക്കണക്കിന് ജലാശയങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തവും അതീവ അപകടകരവുമാണ് ഈ നട്രോൺ തടാകം (Natron Lake). നാട്രോണിൽ കാലെടുത്തുവച്ചാൽ കല്ലാകും.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ലോങ്കിഡോ ജില്ലയിലുള്ള അരുഷ പ്രവിശ്യയിലാണ് വിസ്മയകരമായ നാട്രോൺ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടോ മൂന്നോ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂകമ്പമോ ഭൂമിയുടെ ചലനങ്ങളോ മൂലമാകാം ഈ തടാകം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. 57 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയും 521 ചതുരശ്ര മൈൽ വിസ്തീർണ്ണവുമുള്ള ഈ ജലാശയം സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ (1,970 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വെറും 10 മീറ്റർ (30 അടി) മാത്രം ആഴമുള്ള തടാകത്തിലെ ജലത്തിന്റെ താപനില പലപ്പോഴും 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ആദ്യമായായി തടാകത്തെ കുറിച്ച് രേഖപ്പെടുത്തുന്നത് 1885 ൽ ജർമൻ പര്യവേക്ഷകനും ഭൂമിശാസ്ത്രജ്ഞനുമായ ഗുസ്താവ് ഫിഷറാണ്. “മൃഗങ്ങൾ കല്ലായി മാറുന്ന” പ്രതിഭാസം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2011-ൽ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ നിക്ക് ബ്രാൻഡ് ആണ്, അദ്ദേഹമാണ് തടാകത്തിലെ വെള്ളത്തിൽ ഫോസിലൈസ് ചെയ്ത പക്ഷികളെയും വവ്വാലുകളുടെയും ചിത്രങ്ങൾ ആദ്യമായി പകർത്തുന്നത്. വളരെ പെട്ടന്ന് തന്നെ ബ്രാൻഡ് പകർത്തിയ കല്ലായി മാറിയ പക്ഷികളുടെ ചിത്രങ്ങൾ പ്രശസ്തമായി.
കല്ലാക്കി മാറ്റുന്ന നദിയിലെ പ്രതിഭാസം
ഈ തടാകത്തിലേക്ക് വീഴുന്ന ഏതൊരു വസ്തുവിനെയും ശിലാരൂപത്തിലാക്കി മാറ്റുന്നത് അവിടുത്തെ ജലത്തിന്റെ അതീവ ക്ഷാരഗുണമാണ് (Alkalinity). ഏകദേശം 10.5 പി.എച്ച് (pH) മൂല്യമുള്ള നാട്രോൺ തടാകത്തിലെ ലവണാംശം സാധാരണ കടൽവെള്ളത്തേക്കാൾ 40 ശതമാനം അധികമാണ്. ഈ പ്രദേശത്ത് മഴ കുറവായതിനാൽ നദികളിൽ നിന്നും നീരുറവകളിൽ നിന്നും എത്തുന്ന ജലം ബാഷ്പീകരിക്കപ്പെടുകയും ലവണങ്ങൾ തടാകത്തിൽ തന്നെ അവശേഷിക്കുകയും ചെയ്യുന്നു. ‘കാൽസിഫിക്കേഷൻ’ (Calcification) എന്ന പ്രക്രിയയിലൂടെയാണ് ജീവജാലങ്ങൾ കല്ലായി മാറുന്നത്. ഒരു പക്ഷി തടാകത്തിലെ വെള്ളത്തിൽ വീണാൽ, അതിലെ കാൽസ്യം കാർബണേറ്റ്, സിലിക്ക, സോഡിയം കാർബണേറ്റ് എന്നീ ധാതുക്കൾ ശരീരത്തിൽ പറ്റിപ്പിടിച്ച് കാലക്രമേണ അതൊരു കല്ലുപോലെ ഉറച്ച രൂപമായി മാറുന്നു. ഏകദേശം 10,000 മുതൽ 20,000 വരെ ഫോസിലുകളാണ് ഈ തടാകത്തിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്; 2011-ൽ നടന്ന ഒരു പര്യവേക്ഷണത്തിൽ മാത്രം 750 ഫോസിലൈസ്ഡ് പക്ഷികളെ ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി.
നാട്രോൺ തടാകത്തിലെ ഈ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ പ്രധാന ശക്തി സമീപത്തുള്ള ഓൾ ഡൊയിൻയോ ലെംഗൈ (Ol Doinyo Lengai) എന്ന സജീവ അഗ്നിപർവ്വതമാണ്. അപൂർവ്വമായ കാർബണേറ്റൈറ്റ് ലാവ പുറത്തുവിടുന്ന ഈ അഗ്നിപർവ്വത സ്ഫോടനങ്ങൾ തടാകത്തിലേക്ക് വൻതോതിൽ നാട്രോൺ ഉപ്പും ക്ഷാര പദാർത്ഥങ്ങളും എത്തിക്കുന്നു. ഇത് തടാകജലത്തെ അങ്ങേയറ്റം ആൽക്കലൈൻ സ്വഭാവമുള്ളതാക്കി മാറ്റുന്നു. അഗ്നിപർവ്വത പ്രവർത്തനഫലമായി ലഭിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ചത്ത മൃഗങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയും അവയെ കല്ലുപോലെ ഉറച്ച ഫോസിലുകളാക്കി മാറ്റുകയും ചെയ്യുന്നു. ‘കാൽസിഫിക്കേഷൻ’ എന്നും ‘മമ്മിഫിക്കേഷൻ’ എന്നും അറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെയാണ് തടാകത്തിലെ ജീവജാലങ്ങൾ ശിലാരൂപം പ്രാപിക്കുന്നത്.
വിഷമയമായ ഈ അന്തരീക്ഷത്തിലും അതിജീവിക്കാൻ കഴിയുന്ന പ്രത്യേക സൂക്ഷ്മാണുക്കൾക്ക് ഈ തടാകം ഒരു സംരക്ഷണ കവചമാണ്. പുരാതന കാലത്ത് മൃതദേഹങ്ങൾ മമ്മിയാക്കാൻ പോലും ഈ തടാകത്തിലെ ജലം ഉപയോഗിച്ചിരുന്നു. അപകടകരമായ ഈ രാസക്കൂട്ട് കാരണമാണ് തടാകത്തിന് ‘നാട്രോൺ’ എന്ന പേര് ലഭിച്ചത്. തടാകത്തിലെ ചുവപ്പ് കലർന്ന വെള്ളവും അവിടെ കൂട്ടമായി എത്തുന്ന ഫ്ലെമിംഗോ പക്ഷികളും മനോഹരമായ കാഴ്ചയാണെങ്കിലും, ഈ ജലാശയത്തിലേക്ക് ഇറങ്ങുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ജീവഹാനിയുണ്ടാക്കുന്ന ഒന്നാണ്.



