
പക്ഷി നിരീക്ഷകരും പ്രകൃതി സ്നേഹികളും തീർച്ചയായും എത്തിച്ചേരേണ്ട ഒരിടം, പെരിയാറിൻ്റെ ഓരത്ത് ഒരു ചെറു വനപ്രദേശം അവിടെ മരക്കൊമ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പക്ഷികളുടെ വിസ്മയ ലോകം (Thattekad Bird Sanctuary). ഓരോചുവടിലും ഓരോ താളത്തിലുമുള്ള പക്ഷി വംശത്തിൻ്റെ നിലയ്ക്കാതെയുള്ള ആരവത്തിൻ്റെ സിംഫണിയിൽ നിറഞ്ഞു നിൽക്കുന്ന തട്ടേക്കാട് പക്ഷിസങ്കേതം. 300-ലധികം പക്ഷികളുടെ ആവാസകേന്ദ്രം, ഇവിടേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഓരോ ചുവടിലും പക്ഷി ലോകത്തിൻ്റെ തുടിപ്പിനെ തൊട്ടറിയുവാൻ സാധിക്കുന്നു. വിനോദ യാത്ര എന്നതിലുപരി പ്രകൃതിയുടെ മടിത്തട്ടിൽ ഒളിപ്പിച്ച നിധി തേടിയുള്ള യാത്ര അനുഭവമാണ് തട്ടേക്കാട് പക്ഷിസങ്കേതം ഓരോ സന്ദർശകർക്കും സമ്മാനിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിനുള്ളത്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഡോ. സലിം അലി (Sálim Ali), ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും സമ്പന്നമായ പക്ഷികളുടെ ആവാസകേന്ദ്രം എന്നാണ് തട്ടേക്കാട് പക്ഷിസങ്കേതത്തെ വിശേഷിപ്പിച്ചത്. തട്ടേക്കാട് എന്നതിന് അക്ഷരാർത്ഥത്തിൽ 'പരന്ന വനം' എന്നാണ് അർത്ഥം.
തട്ടേക്കാട് സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്, പ്രത്യേകിച്ച് പക്ഷികളുടെ എണ്ണത്തിൽ. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജീവിവർഗ്ഗങ്ങൾ ഉൾപ്പെടെ 300-ലധികം ഇനം പക്ഷികൾ ഇവിടെയുണ്ട്. കാവി, കുറിക്കണ്ണൻ കാട്ടുപുള്ള്, കോഴി വേഴാമ്പൽ എന്നിവയും മറ്റും ഇവിടെ കാണപ്പെടുന്ന ശ്രദ്ധേയമായ പക്ഷികളിൽ ചിലതാണ്. 1983 ഓഗസ്റ്റ് 27 നാണ് പക്ഷിസങ്കേതം സ്ഥാപിതമാകുന്നത്. ഡോ. സലിം അലിയായിരുന്നു പക്ഷി സങ്കേതത്തിൻ്റെ അമരക്കാരൻ. ഇന്ന് ഇവിടെ ദേശാടന പക്ഷികൾ അടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്.
പക്ഷിസങ്കേതത്തിലൂടെ സഞ്ചരിക്കുമ്പോൾ മാക്കാച്ചിക്കാട, കാടുമുഴക്കി (ഇരട്ടവാലൻ പക്ഷി), ലളിതക്കാക്ക, കാട്ടുഞ്ഞാലി, ഷാമക്കിളി, മഞ്ഞച്ചിന്നൻ, ചെഞ്ചിലപ്പൻ, നീലതത്ത, കാട്ടുനീലി എന്നീ അപൂർവ്വ ഇനം പക്ഷികളെ കാണുവാൻ സാധിക്കുന്നു. മനോഹരമായ തേക്ക്, റോസ്‌വുഡ്, മഹാഗണി തോട്ടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 28-ലധികം സസ്തനികളും 9-ലധികം ഇനം ഉരഗങ്ങളും വന പ്രദേശങ്ങളിൽ കാണപ്പെടുന്നു. ആന, കടുവ, പുലി, കാട്ടുപൂച്ച, ഡ്രാക്കോ (പറക്കുന്ന ഓന്ത്) കുഞ്ഞൻ പറാൻ എന്നിങ്ങനെ ഒട്ടനവധി മറ്റു ജീവജാലങ്ങളാലും പക്ഷി സങ്കേതം സമ്പന്നമാണ്.
പക്ഷികളെ കൂടാതെ, ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും ഇലപൊഴിയും വനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജാലങ്ങളും ഈ വന്യജീവി
സങ്കേതത്തിലുണ്ട്. വന്യജീവി സങ്കേതത്തിനുള്ളിലെ പ്രശസ്തമായ ട്രക്കിംഗ് റൂട്ടായ സലിം അലി ട്രയൽ സന്ദർശകർക്ക് കാടിൻ്റെ വന്യതയെ അടുത്തറിയുവാനുള്ള അവസരം നൽകുന്നു. ഇടതൂർന്ന ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും പുൽമേടുകളിലും നിബിഡമായ തട്ടേക്കാട് പക്ഷി സങ്കേതം ട്രക്കിംഗിന് അത്യുത്തമമാണ്. ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതി പ്രകൃതിയോട് ചേർന്നുനിൽക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ഉചിതമായ ഒരിടം തന്നെയാണ്. കാട്ടിലൂടെ നടക്കുമ്പോൾ ചുറ്റിനും വൈവിധ്യമാർന്ന നിരവധി പക്ഷികൾ, നിറത്തിലും ഭാവത്തിലും രൂപത്തിലും വ്യത്യസ്തമാർന്ന ഇവ കാട്ടിലൂടെയുള്ള സഞ്ചാരത്തിൽ ഉടനീളം കൂട്ടായി കൂടെ കൂടുന്നു.
തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കുന്നവർക്ക് പക്ഷി നിരീക്ഷണം, ട്രക്കിംഗ്, ഫോട്ടോഗ്രഫി, വന്യജീവി നിരീക്ഷണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്നതാണ്.
എപ്പോൾ വരണം
തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികൾ സങ്കേതത്തിലേക്ക് എത്തുന്ന സമയമാണിത്.
എങ്ങനെ എത്തിച്ചേരാം
എറണാകുളത്ത് നിന്നും 60 കിലോമീറ്റർ ദൂരത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 42 കിലോമീറ്റർ ദൂരത്തുമാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‍. തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാം. ആലുവയിൽ നിന്ന് കോതമംഗലത്തേക്ക് ബസ് സർവ്വീസുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് പക്ഷിസങ്കേതം. പരിസ്ഥിതി സൗഹൃദ റിസോർട്ടുകളും ലോഡ്ജുകളും സഞ്ചാരികൾക്ക് ലഭ്യമാണ്.