ഡൽഹി: കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിർദ്ദേശം ലംഘിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഡോ.ശശി തരൂർ എം.പി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദിയുടേത് ശരിയായ നയമാണെന്നാണ് തരൂർ പറഞ്ഞത്. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞെന്നും മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നുമാണ് തരൂർ തരൂർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിൽ റായ്‌സിന ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ.
"രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിർത്താൻ മോദിക്ക് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തത് അബദ്ധമായി. യു.എൻ ചാർട്ടറിന്റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെ എതിർത്തത്. അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ആക്രമണം നടത്തുന്ന റഷ്യയെ എതിർക്കണമെന്നായിരുന്നു തന്റെ നിലപാട്. ഒരുപക്ഷം ഏകപക്ഷീയമായാണ് യുദ്ധത്തിൽ ഏർപ്പെട്ടത്. അതിനാലാണ് അവരെ എതിർക്കണമെന്ന് താൻ പറഞ്ഞത്." തരൂർ വ്യക്തമാക്കി.
"എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യയുടെ നയമാണ് ശരിയെന്ന് തോന്നുന്നു. ഈ നയം മൂലമാണ് ഒരാഴ്ചക്കിടെ യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരെ ആശ്ലേഷിക്കാൻ മോദിക്ക് സാധിച്ചത്. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ള സ്വാതന്ത്യം ഇന്ന് മോദിക്കുണ്ട്." - അദ്ദേഹം പറഞ്ഞു.
അതേസമയം, മോദിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിനെ രാഷ്‌ടീയ ലാഭമാക്കാനൊരുങ്ങി ബിജെപി. തരൂരിനെ ടാഗ് ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എക്‌സിൽ അഭിനന്ദനമറിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, പിന്നീട് മാധ്യമങ്ങളെ കണ്ട തരൂർ ഇതിൽ രാഷ്ട്രീയം കാണ്ടേണ്ടതില്ലെന്നും രാജ്യത്തിന്റെ വിദേശകാര്യനയവുമായി ബന്ധപ്പെട്ട നിലപാടിനെ പറ്റിയാണ് താൻ പരാമർശിച്ചതെന്നും ഇതിൽ അൽപ്പം പോലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും വ്യക്തമാക്കി.