
സിംഗപ്പൂർ: ഭീകരാക്രമണം നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം അറിയിച്ചു(Terrorist Attack). ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം, ചൈന– മലയ വിഭാഗക്കാർക്കിടയിൽ വംശീയ യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്ത പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ൽ ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ 2 മുസ്‌ലിം പള്ളികളിലായി 51 പേരെ വെടിവച്ചുകൊന്ന ഭീകരൻ ബ്രന്റൻ ടറാന്റ് ആണു തന്റെ മാതൃകയെന്നും ഇയാൾ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല; സിംഗപ്പൂരിലെ മുസ്‌ലിം പള്ളികളിൽ ആക്രമണം നടത്തണമെന്നും ഇയാൾ ആഹ്വാനം ചെയ്തു. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.