
വാഷിംഗ്ടൺ: ലോസ്‌ആഞ്ചലസിൽ പടർന്നു പിടിക്കുന്ന കാട്ടുതീയുടെ മറവിൽ മോഷണ ശ്രമങ്ങളും വ്യാപകമാകുന്നു(Sunset Forest Fire). അഗ്നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തിലാണ് കള്ളന്മാർ വീടുകളിൽ കയറിപ്പറ്റുന്നത്. ഇതുവരെ 20 ഓളം പേരാണ് മോഷണക്കുറ്റത്തിന് പിടിയിലായത്.
കാട്ടുതീ മൂലം സ്വത്തും സമ്പാദ്യവും വീടും ഉപേക്ഷിച്ച് ജനം ജീവനും കൊണ്ട് രക്ഷപ്പെടുന്ന സാഹചര്യമാണ് മോഷ്ടാക്കൾ മുതലാക്കുന്നത്. സാഹചര്യം ചൂഷണം ചെയ്‌യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ വീട് വിട്ട് ഹോട്ടലുകളിലേക്കും മറ്റും മാറിയവർ വാടക ഉയർത്തിയെന്ന് കാട്ടി പരാതിപ്പെടുന്ന സാഹചര്യവും ഉണ്ട്. സേവനങ്ങൾക്ക് അധിക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് പ്രാദേശിക ഭരണകൂടം നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.