
വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ പ്രാദേശിക തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ(Sunset Forest Fire). കാട്ടുതീയെ തുടർന്നുണ്ടായ ചാരവും പുകയും മൂലം വായു മലിനപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ ശ്വാസതടസ്സം നേരിടാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇതേ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മേഖലയിലെ വായുഗുണനിലവാരം മെച്ചപ്പെടും വരെ ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോസാഞ്ചലസിൽ കാട്ടുതീ പടരുന്നു എന്ന വാർത്ത പുറംലോകം അറിഞ്ഞത്. എന്നാൽ ഇതുവരെയും കാട്ടുതീ നിയന്ത്രണ വിധേയമായിട്ടില്ല എന്ന റിപ്പോട്ടുകളാണ് ഇപ്പോഴും പുറത്തു വരുന്നത്. കാട്ടുതീയിൽ 38,000 ഏക്കറോളം പ്രദേശവും 13,000ത്തിലേറെ കെട്ടിടങ്ങളും നശിച്ചതായാണ് വിവരം.