
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ഉടൻ തിരിച്ചെത്തിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു(Sunita Williams). ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒയും ശത കോടീശ്വരനുമായ ഇലോൺ മസ്കിനോടാണ് ട്രംപ് തന്റെ നിർദ്ദേശം അറിയിച്ചത്. ഇരുപേരെയും ഉടൻ തിരിച്ചെത്തിക്കാമെന്ന് ട്രംപിന് മസ്‌ക് ഉറപ്പും നൽകി.
8 ദിവസത്തെ ദൗത്യത്തിനായാണ് കഴിഞ്ഞ ജൂണിൽ സുനിതയും വിൽമോറും ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം നിലയത്തിൽ തുടരേണ്ട സ്ഥിതി വന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ ഇരുവരെയും തിരിച്ചെത്തിക്കാനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ഇരുവരെയും തിരിച്ചെത്തിക്കാൻ വൈകിയതിൽ ബൈഡൻ ഭരണകൂടത്തെ മസ്ക് കുറ്റപ്പെടുത്തി.