

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് വ്യക്തമാക്കി സ്റ്റാർബക്‌സിനെതിരെ ആഗോളതലത്തിൽ ബഹിഷ്‌കരണാഹ്വാനം നടക്കുന്നതിനിടെ കമ്പനിക്ക് കനത്ത തിരിച്ചടി. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ സ്റ്റാർബക്‌സിന്റെ വിൽപന ഏഴ് ശതമാനം ഇടിഞ്ഞുവെന്നാണ് വിവരം. തുടർച്ചയായ മൂന്നാം തവണയാണ് ഇടിവ് രേഖപ്പെടുത്തുന്നതെന്ന് മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തു. വിൽപനയിലെ ഇടിവ് സ്റ്റാർബക്‌സ് ഓഹരികളെയും സാരമായി ബാധിച്ചു.
അതേസമയം സ്റ്റാർബക്‌സിന് ഒരു അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്ന് പുതിയ സിഇഒ ബ്രയാൻ നിക്കോൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിലെ മൂന്ന് പാദങ്ങളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിന്റേതായ ചില സാങ്കേതിക വിഷയങ്ങളും ബാഹ്യ കാരണങ്ങളുമാണ് ഇടിവിന് കാരണമായതെന്ന് സ്റ്റാർബക്‌സ് അധികൃതർ വ്യക്തമാക്കി. എന്നാല്‍ ഈ ബാഹ്യ വിഷയം ബഹിഷ്കരണാഹ്വാനമാണെന്ന് കമ്പനി തുറന്നുപറഞ്ഞിട്ടില്ല.