
മാഡ്രിഡ്: ഇസ്രായേലിന് തിരിച്ചടിയായി സ്പാനിഷ് സർക്കാറിന്റെ തീരുമാനം. ഇസ്രായേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള സ്പാനിഷ് പൊലീസിന്റെ കരാർ റദ്ദാക്കി. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിൽ ഗസ്സയിൽ കൂട്ടക്കുരുതി തുടങ്ങിയതോടെയാണ് ഇസ്രായേലിന് ആയുധം നൽകേണ്ടതില്ലെന്ന് സ്പെയിൻ തീരുമാനമെടുത്തത്.
ആറ് മില്യൺ യൂറോ (ഏകദേശം 6.48 മില്യൺ ഡോളർ) വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ഗാർഡിയ സിവിൽ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്.