
പാരീസ്: ഫ്രാൻസിലെ റെയിൽവേ സ്റ്റേഷനിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ച യുവാവിന് റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ 200 യൂറോ (18,036 രൂപ)പിഴ ചുമത്തി(Sound Pollution). ഡേവിഡ് എന്നയാൾക്കാണ് പിഴ ലഭിച്ചത്.
തന്റെ സഹോദരിയോട് സംസാരിച്ചു നിന്ന ഡേവിഡിന് ആദ്യം റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എന്നാൽ ഡേവിഡ് അത് തമാശയാണെന്ന് കരുതി സംസാരം തുടർന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കാതായതോടെ ഉദ്യോഗസ്ഥർ പിഴചുമത്തുകയായിരുന്നു. ആദ്യം 150 യൂറോയാണ് (13527രൂപ) ഇയാൾക്ക് പിഴ ചുമത്തിയത്. എന്നാൽ പിഴയടയ്ക്കാൻ കാലതാമസം നേരിട്ടതിനാൽ 200 യൂറോയായി പിഴ തുക വർധിപ്പിച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ പൊതു ഇടങ്ങളിൽ ഹെഡ്‍ഫോൺ ഉപയോഗിക്കാതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് ഇത് ഒരു പാഠം ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.