പത്തനംതിട്ട: വസ്തു എഴുതി വാങ്ങാന്‍ മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ പരാതി. പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി.
ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും യുഎസിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ലിസിക്കും ഭര്‍ത്താവിനും മൂന്ന് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ടാമനാണ് ജോറിൻ.
അതിക്രമം നടക്കുന്ന സമയത്ത് ഇളയ മകനായ ഐറിനും ഭാര്യയും അവരുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു. അവർ മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയുടെ മുറിയിലെത്തിയ പ്രതി വീടും സ്വത്തും എഴുതിക്കൊടുക്കണം എന്നാവശ്യപ്പെട്ടു. തലയ്ക്കു നേരെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്നുപോയ ലിസി വസ്തുവകകൾ എഴുതിക്കൊടുക്കാം എന്നു പറഞ്ഞു. ഇതിനിടെ ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചു.അന്ന് തന്നെ സ്ഥലത്തെത്തിയ അടൂര്‍ പോലീസ്, ജോറിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിനിടെ ജോറിന്‍ തോക്ക് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.