

ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ 'സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്' ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശ് അവരെ കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടാകുന്നത് തടയാൻ അവർ നിർബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് പറഞ്ഞു.
'അവരിപ്പോൾ ഇന്ത്യയിലുണ്ട്. ബംഗ്ലാദേശ് സർക്കാർ അവരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സമയംവരെ ഇന്ത്യ അവരെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ നിശബ്ദത പാലിക്കണം -അദ്ദേഹം പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ യൂനുസ് ധാക്കയിലെ തന്റെ ഔദ്യോഗിക വസതിയിൽ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണിങ്ങനെ പ്രതികരിച്ചത്.