
മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക.
പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്‌റ്റോളുകൾ. ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. തിരക്കേറിയ റോഡു മാർഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെിക്കാൻ എയർടാക്‌സികൾക്കാവും. ലളിതമായി പറഞ്ഞാൽ അനായാസമായി പ്രവർത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ. നിലവിലുള്ള ഹെലിപാഡുകളിൽ നിന്നോ പുതിയ വെർട്ടിപോർട്ടുകളിൽ നിന്നോ ആകും എയർടാക്‌സികൾ ഓപ്പറേറ്റ് ചെയ്യുക.