
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യു. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന് വേണ്ടി പുടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. നിരവധി സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, രണ്ടാം ലോക യുദ്ധത്തിന് ആദ്യമായാണ് ഇത്രയും രൂക്ഷമായ യുദ്ധം നടക്കുന്നതെന്ന ആശങ്കയും പങ്കുവെച്ചു.
പതിറ്റാണ്ടുകളായി നമ്മൾ കണ്ടിട്ടില്ലാത്ത വിധം സൈനികർ ദിനംപ്രതി കൊല്ലപ്പെടുന്നു. നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതൊരു പരിഹാസ്യമായ യുദ്ധമാണ്. റഷ്യ ഒരു കരാർ ഉണ്ടാക്കണം. ഒരുപക്ഷേ, അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. പുടിന് തന്നെ കാണണമെന്നുണ്ട്. ഞങ്ങൾ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു