
ഷാർജ: വിമാന യാത്രക്കാരനിൽ നിന്ന് നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി അറിയിച്ചു.
ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 8.716 കിലോ ഗ്രാം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തത്. 10,934 മയക്കുമരുന്ന് ഗുളികകളാണ് പാക്കുകളിലുണ്ടായിരുന്നത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാർഡ് ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.