ബംഗളൂരു: അഴിമതി നിരോധന നിയമപ്രകാരം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഹർജി. 1988 ലെ അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ എച്ച് രാമമൂര്‍ത്തി ഗൗഡയാണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. എട്ട് ഖനന പാട്ടക്കരാറുകള്‍ പുതുക്കുന്നതിനായി സിദ്ധരാമയ്യ 2015 ല്‍ 500 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
കരാർ നൽകുന്നതിന് ലേലത്തിനുപകരം സിദ്ധരാമയ്യ ഖനന ലൈസന്‍സുകള്‍ പുതുക്കാന്‍ തീരുമാനിച്ചു. അവയില്‍ ചിലത് ഖനന അഴിമതിയില്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
ഈ തീരുമാനം വലിയ തോതിലുള്ള അഴിമതിക്ക് വഴിയൊരുക്കുക മാത്രമല്ല, സംസ്ഥാന ഖജനാവിന് 5,000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
ഔദ്യോഗിക കൃത്യങ്ങള്‍ക്ക് കൈക്കൂലി വാങ്ങല്‍, പൊതുപ്രവര്‍ത്തകനെ സ്വാധീനിക്കാന്‍ പണം വാങ്ങല്‍, ഔദ്യോഗിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളില്‍ നിന്ന് സമ്മാനങ്ങളോ ആനുകൂല്യങ്ങളോ സ്വീകരിക്കല്‍, അത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ഗൗഡ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.