
ന്യൂയോർക്: യു.എൻ സുരക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണക്കുകയാണെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ജർമനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും ആഫ്രിക്കയെ പ്രതിനിധീകരിച്ച് രണ്ട് രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സ്തംഭിച്ചിരിക്കുന്ന സുരക്ഷ സമിതിയുടെ പ്രാതിനിധ്യം വർധിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷ സമിതി വികസിപ്പിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണ്. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കാര്യക്ഷമത വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മാക്രോൺ വ്യക്തമാക്കി.