

വത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരു ആലുവയിൽ 100 വർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ സ്മരണയിൽ ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന മൂന്നുദിസത്തെ സർവമത സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് ലോക മത പാർലമെന്റും നടക്കുന്നുണ്ട്. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിച്ചു. വിവിധ മതവിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം 15 രാജ്യങ്ങളിൽനിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവരുടെ സംഘമാണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്. (Pope Francis)
ഇന്ന് ലോകം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഒരു കാരണം പവിത്രമായ പാഠങ്ങളോടുള്ള ബഹുമാനക്കുറവാണ്. സാമൂഹികവും മതപരവുമായ ഉന്നതിക്കായി ജീവിതം സമർപ്പിച്ച ആത്മീയ വഴികാട്ടിയും സാമൂഹിക പരിഷ്‍കർത്താവുമായിരുന്നു ശ്രീനാരായണ ഗുരു. വിവിധ വിശ്വാസങ്ങളിലുള്ളവർ വ്യത്യസ്തതയുടെ പേരിൽ വിവേചനം നേരിടുന്ന സാഹചര്യമുണ്ടെന്നും വ്യത്യസ്ത ആശയക്കാർ ആത്മീയ സത്യങ്ങളും മൂല്യങ്ങളും കൈമാറുകയാണ് വേണ്ടതെന്നും മാർപാപ്പ പറഞ്ഞു.
ജാതി സമ്പ്രദായത്തെ എതിർക്കുക വഴി വംശത്തിനും കുലത്തിനും അതീതമായി എല്ലാ മനുഷ്യരും ഒരൊറ്റ കുടുംബമാണെന്ന സന്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ആർക്കും ഒരു തരത്തിലുമുള്ള വിവേചനമുണ്ടാകരുതെന്ന് ഗുരു ഉറപ്പിച്ചുപറഞ്ഞെന്നും മാർപാപ്പ പറഞ്ഞു.