
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുറന്ന യുദ്ധത്തിലേക്ക് സംഘർഷം നീങ്ങുന്നുവെന്ന സൂചനകൾക്കിടെ, മേഖലയിൽ കൂടുതൽ സൈനികരെ അടിയന്തരമായി വിന്യസിച്ച് യു.എസ്. 2000-3000 സൈനികരെയാണ് മേഖലയിലെത്തിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സൈനികർക്കൊപ്പം എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരവും അധികമായി എത്തിക്കും. മേഖലയിലെ യു.എസ് സൈന്യത്തിന്റെ സുരക്ഷക്കും ഒപ്പം ഇസ്രായേലിനെ സംരക്ഷിക്കാനുമാകും അധിക സൈനിക വിന്യാസമെന്ന് പെന്റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു. ആഗസ്റ്റ് മുതൽ എഫ്-22 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രനുകളാണ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇവക്ക് പുറമെയാണ് അധികമായി വിമാനങ്ങൾ എത്തിക്കുന്നത്.