

യൂറോപ്പ് /ഹാക്ക്‌നി: 13 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഇ-ഫിറ്റ് ചിത്രം (കംപ്യൂട്ടർ ഉപയോഗിച്ച് നിർമിക്കുന്ന രേഖാചിത്രം) പുറത്തുവിട്ട് മെട്രോപൊലിറ്റൻ പൊലീസ്(Lookout Notice Out). ഹോമർട്ടൺ ഹൈ സ്ട്രീറ്റിലെ ബാനിസ്റ്റർ ഹൗസിൽ 2024 ഒക്ടോബർ 2 ന് വൈകുന്നേരം 4 നും 5 നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ബാനിസ്റ്റർ റോഡ് വെസ്റ്റിൽ നിന്ന് പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഒരു ഫ്ലാറ്റിൽ വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നര മാസത്തിന് ശേഷമാണ് പോലീസ് ഇ-ഫിറ്റ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഡിറ്റക്ടീവ് സൂപ്രണ്ട് റാൽഫ് കോട്ട്‌സാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
പ്രതിയെന്ന് കരുതുന്നയാൾക്ക് ഏകദേശം 35 നും 40 നും ഇടയിൽ പ്രായമുണ്ടെന്നാണ് സംശയിക്കുന്നത്. ഇയാൾ സ്ഥലം വിട്ടത് വെളുത്ത നിറത്തിലുള്ള ഓഡി കാറിലാണെന്നാണ് പൊലീസ് പറയുന്നത്. ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ 01/985614/24 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് 101 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടണം. അജ്ഞാതമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് 0800 555 111 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സിനെയും ബന്ധപ്പെടാവുന്നതാണ്.