
ബെയ്‌റൂട്ട്: ലെബനനിലെ സ്‌ഫോടന പരമ്പരകളില്‍ പരിക്കേറ്റ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ ജോലി ചെയ്താലും മതിയാകില്ലെന്ന അവസ്ഥ. പല ഡോക്ടര്‍മാരും യാന്ത്രികമായാണ് പണിയെടുക്കുന്നത്. പരിക്കേറ്റ ആളുകളിൽ അധികവും യുവാക്കളാണ്. ഇവരില്‍ ഭൂരിഭാഗം പേരുടേയും രണ്ട് കണ്ണുകളുടേയും കാഴ്ച പോയതായി നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് ജരദെ പറയുന്നു. സാഹചര്യം അത്രമേല്‍ വേദനാജനകമാണ്. കണ്‍മുന്നില്‍ ഒരു രാജ്യം മുഴുവന്‍ പരിക്കേറ്റ കാഴ്ചയാണുള്ളതെന്നും ഡോക്ടര്‍ ഏലിയാസ് വ്യക്തമാക്കുന്നു.
രണ്ട് ദിവസങ്ങളിലായി ലെബനനില്‍ നടന്ന സ്‌ഫോടനത്തില്‍ 3600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ക്കും കണ്ണിനാണ് പരിക്കേറ്റത്. അതിനാൽ ഇവരെ പ്രവേശിപ്പിക്കുന്നത് ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിലേക്കാണ്. അപകടത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടിവന്നുവെന്ന് നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് വാരക് ചൂണ്ടിക്കാട്ടുന്നു. ഒറ്റ രാത്രിമാത്രം നിരവധി പേരുടെ കണ്ണുകള്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നു.