

'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായിക. അനുഷ്‍കയുടെ ജന്മദിനം പ്രമാണിച്ച് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിള എന്ന കഥാപാത്രമായാണ് കത്തനാരിൽ അനുഷ്ക എത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. (Kathanar)
മലയാളത്തിലെ വമ്പനാവാൻ ഒരുങ്ങി കത്തനാർ
212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.
2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റ് അണിയറ പ്രവർത്തകർ ഒരുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടി നായിക വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗോഡ്‌ഫി സേവിയർ ബാബു സംവിധാനം ചെയ്ത് 'എന്താടാ സജി' ആയിരുന്നു ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.