ബെയ്റൂത്ത്: പേജർ, വോക്കി ടോക്കി സ്ഫോടനത്തിനു പിന്നാലെ ലബനാന് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ സംഘടിപ്പിച്ച വ്യാപക ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
പടിഞ്ഞാറൻ ബെക്കയിൽ ഉണ്ടായ അതിക്രമത്തിൽ ലബായയിലെയും യഹ്‌മോറിലെയും വീടുകളും പെട്രോൾ പമ്പും സഹ്‌മോറിലെ വീടുകളും തകർന്നതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലബനനിലുടനീളം 300ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ വാദമെങ്കിലും ഇരയാവുന്നവർ സാധാരണക്കാരാണ്. നേരത്തെ വടക്കൻ ഇസ്രായേൽ ഭാഗത്ത് ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ ഇന്ന് വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.