
ഗസ്സ സിറ്റി: ഗസ്സയിലെ സ്കൂളിനു നേരെ നടന്ന ആക്രമണത്തിൽ 22 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികളുള്ള ഗസ്സ സിറ്റിയിലെ സൈത്തൂൻ സ്കൂളിന് നേരെയായിരുന്നു അധിനിവേശ സേനയുടെ ബോംബിങ്. കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടും. ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ ഗസ്സയിൽ 41,391 പേരാണ് ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ കൊല്ലപ്പെട്ടത്. 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദക്ഷിണ ലബനാന്‍റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അർധരാത്രിയുമാണ് ആക്രമണം നടന്നത്. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ബൈറൂത്തിൽ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ പുതിയ നീക്കം.