
ഗസ്സ: വടക്കൻ ഗസ്സയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇൻകുബേറ്ററിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന നിരവധി കുട്ടികളും മുതിർന്നവരും കൊല്ലപ്പെട്ടതായി വിവരം. ബെയ്ത്ത് ലെഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചത്. യുദ്ധത്തിലും മറ്റും പരിക്കേറ്റ നൂറ് കണക്കിന് ജനങ്ങൾ ചികിത്സതേടിയ ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
ഇരച്ചെത്തിയ ഇസ്രായേൽ ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി ഉപരോധിക്കുകയായിരുന്നു. എല്ലാവരും ഉടൻ തന്നെ കെട്ടിടത്തിൽ നിന്ന് പുറത്തുപോകണമെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരും നിരവധി നവജാതശിശുക്കളും വെന്റിലേറ്ററിലും ഇൻകുബേറ്ററിലും അപ്പോൾ ചികിത്സയിലായിരുന്നു. ഇതൊന്നും വകവെക്കാതെ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു.