
ഗസ്സ സിറ്റി: ഗസ്സയിൽ ആശുപത്രി കോംപ്ലക്സിലെ ടെൻറിലെ താമസക്കാർക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70ഓളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
മധ്യ ഗസ്സയിലെ ദെയറൽ ബലാഹ് നഗരത്തിലുള്ള അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലെ ടെന്റുകൾക്ക് നേരെയായിരുന്നു തിങ്കളാഴ്ച അതിരാവിലെ ആക്രമണം ഉണ്ടായത്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടിയിറക്കപ്പെട്ട നിരവധി ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ബോംബാക്രമണത്തിൽ ടെന്റുകൾ തീപിടിച്ചാണ് ആളുകൾക്ക് പരിക്കേറ്റത്. അതുകൊണ്ട് തന്നെ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.